ചൊവ്വാഴ്ച, ഏപ്രിൽ 19

ഏകാന്തത

1

കളിയൊഴിഞ്ഞ മൈതാനത്തെ
ഗ്യാലറിയുടെ ഒരു മൂലയ്ക്ക്
നേരിൽക്കണ്ടതാണ്  - ഏകാന്തതയെ
വനാന്തരത്തിനു നടുവിൽ
ഒരൊറ്റയാനെ കണ്ടപോലെ
- രണ്ടുപേരും ഭയന്നുപോയി
പക്ഷേ ആരും തിരിഞ്ഞോടിയില്ല
ഭയം മെല്ലെ സന്ധ്യ പോലലിഞ്ഞുപോയി
പുകഞ്ഞു പുകഞ്ഞു വന്ന ഇരുട്ടിൽ
ഞങ്ങൾ പുകയായ്ത്തന്നെ അകപ്പെട്ടുപോയി

**********************************

2

ഞാനറിഞ്ഞിരുന്നില്ല ഏകാന്തത
പടയാളികളേയും കൂട്ടി ആക്രമിക്കാൻ വന്നിരിക്കുന്നെന്ന്
എന്റെ പോക്കറ്റിലെ സെൽഫോൺ നിർത്താതെയടിക്കുന്നു
പിന്നെയത് ഓഫായി
സൈന്യാധിപാൻ നിലംപൊത്തി
ഏകാന്തതയുടെ സൈന്യം ഇരച്ചുകയറുകയാണ്
ആ ഇരമ്പൽ ഒരു ചെറിയ പാട്ടു പോലെ
വളരെ വളരെ പഴയ പാട്ട്
കുറച്ചു സ്വരങ്ങൾ മാത്രം
കൊള്ള , കൊല , ബലാത്സംഗം , തീവെയ്പ്പ് ....
അങ്ങനെ പോകുന്നു
ഞാൻ കണ്ണടച്ചിരുന്നു
പിന്നെ കണ്ണു തുറന്നപ്പോൾ ഞാൻ ഏകാന്തതയുടെ രാജാവായിക്കഴിഞ്ഞിരുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ