ബുധനാഴ്‌ച, ഏപ്രിൽ 20

ജലരേഖ

പക്ഷികൾക്കും മരങ്ങളുടെ വേരുകൾക്കുമൊക്കെ
എത്ര പറഞ്ഞാലും മനസ്സിലാകാത്ത
പറമ്പിന്റെ അതിര് പോലെ
ചില സ്വകാര്യ ദു:ഖങ്ങളും
പലപ്പോഴും നമുക്കു തന്നെ തെറ്റിപ്പോകും
അതിന്റെ കാരണങ്ങളുടെ ഘടനയും സമവാക്യവുമൊക്കെ

ഓർമ്മകൾ


ചില ഓർമ്മകൾ വാതിലിനു മുന്നിൽ വന്നു നില്ക്കും
- ഒരു പരിചയവുമില്ലാതെ .
ശാഠ്യം പിടിച്ച പോലെയും
ദേഷ്യം പിടിച്ച പോലെയും
വാതിലുകൾ അടഞ്ഞു തിരിച്ചടിച്ച്
പിണങ്ങിയടയുന്നു
ഈ വാതിലുകളുടെ വലിപ്പം വളരെക്കൂടുതലാണ്

***************************************************

ചില ഓർമ്മകൾ പുഴുവിന്റെ മുട്ടയോളം ചെറുത്
പഴുത്ത മാങ്ങയുടെ മധുരം നുണയാൻ തുടങ്ങുമ്പോഴാകും
പുളഞ്ഞു പുറത്തു വരിക

**************************************************

പുഴയോരത്തോ കടലോരത്തോ
കനത്ത മഴയത്ത് അങ്ങനെ നനഞ്ഞു കിടക്കും
- ചില മിന്നലോർമ്മകൾ


ചൊവ്വാഴ്ച, ഏപ്രിൽ 19

ഏകാന്തത

1

കളിയൊഴിഞ്ഞ മൈതാനത്തെ
ഗ്യാലറിയുടെ ഒരു മൂലയ്ക്ക്
നേരിൽക്കണ്ടതാണ്  - ഏകാന്തതയെ
വനാന്തരത്തിനു നടുവിൽ
ഒരൊറ്റയാനെ കണ്ടപോലെ
- രണ്ടുപേരും ഭയന്നുപോയി
പക്ഷേ ആരും തിരിഞ്ഞോടിയില്ല
ഭയം മെല്ലെ സന്ധ്യ പോലലിഞ്ഞുപോയി
പുകഞ്ഞു പുകഞ്ഞു വന്ന ഇരുട്ടിൽ
ഞങ്ങൾ പുകയായ്ത്തന്നെ അകപ്പെട്ടുപോയി

**********************************

2

ഞാനറിഞ്ഞിരുന്നില്ല ഏകാന്തത
പടയാളികളേയും കൂട്ടി ആക്രമിക്കാൻ വന്നിരിക്കുന്നെന്ന്
എന്റെ പോക്കറ്റിലെ സെൽഫോൺ നിർത്താതെയടിക്കുന്നു
പിന്നെയത് ഓഫായി
സൈന്യാധിപാൻ നിലംപൊത്തി
ഏകാന്തതയുടെ സൈന്യം ഇരച്ചുകയറുകയാണ്
ആ ഇരമ്പൽ ഒരു ചെറിയ പാട്ടു പോലെ
വളരെ വളരെ പഴയ പാട്ട്
കുറച്ചു സ്വരങ്ങൾ മാത്രം
കൊള്ള , കൊല , ബലാത്സംഗം , തീവെയ്പ്പ് ....
അങ്ങനെ പോകുന്നു
ഞാൻ കണ്ണടച്ചിരുന്നു
പിന്നെ കണ്ണു തുറന്നപ്പോൾ ഞാൻ ഏകാന്തതയുടെ രാജാവായിക്കഴിഞ്ഞിരുന്നു








നിഴലുകൾ

1
അടിമകളാണെങ്കിലും ആലസ്യത്തിന്റെ ആഢ്യന്മാരായിക്കഴിയുന്ന
ചില നിഴലുകളുണ്ട്
മോചനത്തിലേയ്ക്കുള്ള മുൾപ്പാതയിലൂടെ നടത്താൻ
ഏതെങ്കിലും ഗാന്ധി വരുമോയെന്നു ഭയക്കുന്നവർ
2
ചില കുറിയ നിഴലുകൾക്ക് അഹംഭാവം തോന്നുന്നത്
യജമാനന്മാർ അവർക്ക്  പിന്നിലൊളിക്കാൻ പോകുന്നെന്ന് തോന്നുമ്പോളാണ്
അവർ സന്തോഷിയ്ക്കുന്നു -
ചില നീളൻ നിഴലുകളെ നോക്കി ഈഗോ ബാധിച്ച യജമാനന്മാർ ആക്രോശിയ്ക്കുമ്പോൾ
3
പ്രതിധ്വനികൾ ആശ്വാസം പകരുന്നു നിഴലുകൾക്ക്
തങ്ങൾക്കു ശബ്ദമില്ലാത്തതു പോലെ പ്രതിധ്വനികൾക്കു രൂപവുമില്ലല്ലോ
ഇല്ലായ്മകളിലെ ഒരു തുല്യ നീതിബോധം 

കരിമരുന്ന്


വിഹഗങ്ങൾക്ക് അതിർത്തി തീർത്ത
വിഹായാസ്സിന്റെ വിസ്തൃതിക്കു മേലേ
സമൃദ്ധമായ സ്വാതന്ത്ര്യത്തിന്റെ
പരിശുദ്ധിയിൽ
ചിന്നിച്ചിതറി
ആഹ്ലാദിച്ച്
വിസ്മയമായ് വിസ്മൃതമാകാൻ
വെമ്പിനില്ക്കുന്ന ഹൃദയങ്ങളുണ്ട്..
പക്ഷേ സ്നേഹമെന്നവകാശപ്പെടുന്ന
(കണ്ണീർ,മഴ തുടങ്ങിയ ) ചില ജലരൂപങ്ങളിൽ
നനഞ്ഞു കുതിർന്നു പൊട്ടാനാകതെ ജീവിച്ചിരിക്കുന്നു

അസൂയ

കാക്കയ്ക്ക് കൊക്കിനോടുണ്ടെന്ന്
കൊക്കുകൾ പറഞ്ഞുനടക്കുന്നതായി
കാക്കയും കൊക്കുമല്ലാത്തവർ
സ്ഥിരമായ് പറഞ്ഞുനടക്കുന്നതെന്തോ - അത്
ശരിയ്ക്കും കാക്കയ്ക്ക് കൊക്കിനോട് .., അല്ല ,
കൊക്കിന് കാക്കയോട് അസൂയ ഉണ്ട്

കാട്ടുതീ

ഒരു കാടൻ ഭാവനയ്ക്ക് ആരോ തീയിട്ടു
തീയണയ്ക്കാനാരും പോയില്ല
കത്തിയതിന്റെ നഷ്ടക്കണക്കുമില്ല
കാരണം ഇത് കാടൻ
അല്ലാതെ നാട്ടിലെ ഷോപ്പിംഗ്‌ കോംപ്ലക്സല്ല

ശനിയാഴ്‌ച, ഏപ്രിൽ 16

വെറുമർത്ഥങ്ങൾ

മണൽശിൽപ്പങ്ങൾക്കു മേൽ വീണ  ബോംബുകളും  
കളിവീടുകളിൽ  തുളച്ചു കേറിയ വെടിയുണ്ടകളും 
സ്വന്തമാക്കി വെച്ച ചില അർത്ഥങ്ങളുണ്ടെന്നഹങ്കരിക്കുന്ന വാക്കുകളാണ് 
ഭേദം, അർത്ഥമില്ലാത്ത വാക്കുകളാണ് - വെറുതേ പുക തുപ്പുകയേ ഉള്ളൂ 
അവയ്ക്ക്  വെടിമരുന്നിന്റെ വീർപ്പുമുട്ടലാണു 
വാക്കില്ലാതായ  അർത്ഥങ്ങൾ, പക്ഷേ..
വലിയ വലിയ കോലാഹലങ്ങൾക്കിടയിൽ 
എനിയ്ക്കും നിനക്കുമിടയിൽ വന്ന് 
സംവദിക്കുന്നു , ചിലപ്പോൾ കവിതയെഴുതുന്നു 
എത്ര മനോഹരമായി ..
           
               വെറുമർത്ഥങ്ങൾ 

ഭാഷയുപേക്ഷിച്ച 
ശബ്ദമുപേക്ഷിച്ച 
ലിപികളുപേക്ഷിച്ച 

വാക്കുകൾ  വെറുത്തുപേക്ഷിച്ച 

അനാഥരായ  വെറുമർത്ഥങ്ങൾ 
 


കാഴ്ച്ച

കനത്ത് കനത്തിനിയും കനക്കാനാവാതെ
ഇരുണ്ട് ഇരുണ്ടിനിയും ഇരുളാനാവാതെ
കുളിര് , ഇരുള് ..
കരഞ്ഞ് കരഞ്ഞിനിയും കരയാനാകാതെ
പെൺകുട്ടി ..
നിശ്ചലമായ് നിശ്ചലമായ് പിന്നെയും നിശ്ചലമാകാതെ 
നാഴികമണി ശൂന്യമായി
കണ്ട് കണ്ട് പിന്നെയും കണ്ട് അങ്ങനെ നിന്ന കാഴ്ച്ച
മറന്ന് മറന്ന് പിന്നെയും മറന്നുകൊണ്ടിരുന്നു

ഊന്നുവടി

വാർദ്ധക്യത്തിന്റെ പ്രതീകമാക്കിയപ്പോൾ
ഊന്നുവടി പരിഭവിച്ചു - ഞാൻ യുവാവാണ് 
വാർദ്ധക്യം പ്രതിവചിച്ചു - ഞാൻ വൃദ്ധനല്ല , നിന്നെക്കാൾ യോഗ്യനായ യുവാവാണ് 

വാത്മീകം

മൃതമാണെങ്കിലും അല്ലെങ്കിലും
മൃതമെന്നു തോന്നിക്കുന്നൊരു വാത്മീകം
ആദികാവ്യത്തിന്റെ ഗർഭപാത്രം
ഗൂഢമൗനത്തിന്റെ പൊരുളിന്നിരുൾത്തടം
കുറുകിയൊരു ശാന്ത ശൃംഗം
പിൻ വഴികളിൽ പതുങ്ങിയ കാലത്തിന്റെ മൂടുപടം
ഇന്നിന്റെ പാഴ്വഴികളിൽ കണ്ട മുഖപടങ്ങൾ പോലെ
നൈർമല്യത്തെയാണോ ക്രൂരതെയാണോ മറയ്ക്കുന്നതെന്നറിയാതെ
വാത്മീകം .............
ചിലപ്പോൾ ...
ഉള്ളിൽ
തിരയിളകിത്തള്ളുന്ന ജീവിതങ്ങളുടെ പ്രവാഹമുണ്ടാകാം
വിലങ്ങിട്ട വേദനകൾ
വിലക്കപ്പെട്ട വിശപ്പ്
വരിഞ്ഞിട്ട തേങ്ങലുകൾ
വിഹ്വലതകളുടെ വിനോദവേട്ടയ്ക്കിടയിൽ
വരിവെച്ചുനീങ്ങുന്ന വെറും ചിതലടിമകളുടെ
പതിഞ്ഞ പദരോദനങ്ങളുടെ നേർത്ത ആരവങ്ങളുണ്ടാകാം
അല്ലെങ്കിൽ
ഇന്നലെയുടെ ശാപങ്ങളിൽ
ജീവനൊലിച്ചുപോയ
മമ്മികൾ, പിരമിഡുകൾ,
മഹലുകൾ ,
കൊട്ടാരങ്ങൾ . കോട്ടകൾ
പോലെ..
...
എങ്കിലും മാനസാന്തരപ്പെടാൻ വെമ്പുന്ന മഹർഷിയുടെ ആത്മാവ് പൊലേയുള്ളൂ
ഈ വാത്മീകവും...

വെള്ളിയാഴ്‌ച, ഏപ്രിൽ 15

വര

വിപ്ലവകാരി  നല്ലൊരു ചിത്രം വരച്ചെന്നു തോന്നിച്ചു
വര കഴിയുമ്പോൾ നല്ലതെന്ന തോന്നലിനു മീതെ
അത് സത്യമാണെന്ന തോന്നലിന്റെ ചായമിറ്റിയ്ക്കണമല്ലോ
തോന്നലുകൾക്കു ഒറ്റച്ചായത്തിന്റ് ഒറ്റവരയുടെ നിർബന്ധബുദ്ധി
തോന്നലുകളിങ്ങനെ നീളുന്നു ....
താനൊരു നിഴലെന്ന്
നിഴലടിമയാണെന്ന്
തെന്നിനീങ്ങുന്ന വിരലുകൾക്ക് സ്വാതന്ത്ര്യമില്ലെന്ന്
വർണ്ണങ്ങൾക്കു യജമാനന്മാരുണ്ടെന്ന്
വർണ്ണങ്ങളെല്ലാം അടിമകളാണെന്ന്
സ്വന്തം പ്രതിബിംബം ശരിയ്ക്കു കാണുന്ന കണ്ണാടിച്ചില്ലിനെ അവിശ്വസിയ്ക്കണമെന്ന്
ചങ്ങലകൾ ക്യാൻവാസ് നിറയ്ക്കുന്നെന്ന്



വവ്വാൽ

സ്വപ്നങ്ങൾ ചിറകടച്ചവിടിവിടെപ്പാറുന്നു 
പലതൂവൽ കൊഴിയുന്നു 
തിരിതാണൊരു നേരത്തെപ്പോഴോ 
കടവാവൽ ചിറകൊച്ച 
പിന്തുടർന്നെത്തുമ്പോൾ 
തല്കീഴായ്ത്തൂങ്ങുന്ന കറുത്ത യാഥാർത്ഥ്യങ്ങളും 

വ്യാഴാഴ്‌ച, ഏപ്രിൽ 14

വിഷു

നിൻറെ ഇല്ലായ്മയിൽ നിന്നാണ് 
എൻറെ നിറവുണ്ടായതെന്ന തിരിച്ചറിവിൽ 
എന്റേതും നിന്റേതുമായ 
എന്നാൽ എന്റേതും നിന്റേതുമല്ലാത്ത 
ഈ ഭൂമിയുടെ വസന്തത്തെ 
നമുക്കൊരുമിച്ച് പങ്കിടാമെന്ന 
മറ്റൊരു സമത്വസുന്ദരസങ്കല്പത്തെ വാഴ്ത്തി 
ആശംസിക്കാം വിഷുമംഗളം 

ബുധനാഴ്‌ച, ഏപ്രിൽ 13

ഫുട്ബാൾ


കാലിൽ  നിന്നൂരിത്തെറിക്കുന്നു   ഗോളം 
ശതകോടി മിഴികളുടെ 
ഒരേയൊരു കൃഷ്ണമണി 
നേരിന്റെ കുറുകെയോ 
നേരിനെ കുറുക്കിയോ 
നേരിലൂടപ്പുറമിപ്പുറം കൂട്ടിയോ കുറച്ചോ 
ഇരുളിൽ വെളുപ്പും പകലിൽ കറുപ്പും 
ഒളിഞ്ഞും തെളിഞ്ഞും പകുത്ത് പകുത്ത് 
പകുതിക്കൾക്കിടയിൽ 
തുലാസിലൂഞ്ഞലാടി 
ഒരുപകുതിയെയിരുളാക്കി 
മറുപകുതിയിലുന്മാദമധുകോരിച്ചാർത്തി
ചങ്കുകൾ കുത്തിപ്പകുത്തും പിളർത്തിയും 
കണ്ണീർച്ചിരികൾക്കിടയിലൂടൊരുമിന്നൽ 
കൊള്ളിയായ്മിന്നിത്തെറിച്ചുപായും - വെറും ഗോളമല്ല 
കണ്ണും മനസ്സുമാത്മാവുമെല്ലം തുന്നിയ 
പൊള്ളയായൊരു തുകല്ക്കെട്ട്  

വ്യാഴാഴ്‌ച, ജൂൺ 7

വര്‍ഷവസന്തം

വന്നതും പോയതും ഒരുപാടൊരുപാടു  കണ്ടു..
വന്നനേരത്തൊക്കെ തിരികേയയയ്ക്കുവാന്‍ പലപ്പഴും തിടുക്കമായിരുന്നു.. 
കുസൃ തിയായ് ,
കൂട്ടായി,
കുളിരായി,
ഓര്‍മ്മകളിലേയ്ക്കരിച്ചിറങ്ങാന്‍  വീണ്ടുമെത്തിയ  വര്‍ഷവസന്തം ...