ഞായറാഴ്‌ച, ഡിസംബർ 17

പിഴവുകള്‍

മാസമെത്താതെ യൌവ്വനത്തെ
പെറ്റു കൌമാര വിഭ്രമം!
ഗ്രീഷ്മമാസത്തണലണഞ്ഞു
ശൈത്യരാവിന്‍ കിനാവുകള്‍!
വീഥിയല്ലാ വീഥിതേടിയ
സത്യസൌന്ദര്യയാത്രികര്‍!
നേരിലും നേരത്തിലും ഞാന്‍
‍കണ്ടതെത്ര പിഴവുകള്‍!

വ്യാഴാഴ്‌ച, ഡിസംബർ 14

എനിക്കു വേണ്ടാത്തവ

നിമിഷങ്ങളെ മോഹമുത്തുകളാക്കി ഞാന്‍
‍കോര്‍ക്കുവാനാകാതെ ദൂരേയ്ക്കെറിഞ്ഞ,വ-
യാരോ പെറുക്കിയെടുത്തുപോട്ടെ!;യതു-
മല്ലെങ്കില്‍ മറവി തന്‍ ചേറ്റില്‍പ്പുതയട്ടെ!

ചൊവ്വാഴ്ച, ഡിസംബർ 12

മരുഭൂമികള്‍ തേങ്ങുന്നില്ല

മാരിയില്ലെങ്കിലും
വിണ്ടുവെടിച്ചില്ല
തേങ്ങിയില്ല
കൊടും ചൂടിനെയൊട്ടും ഭയന്നുമില്ല.
നീണ്ടുനിവര്‍ന്നുകൊണ്ടാരെയും കൂസാതെ,
എന്നും ചിരിക്കുന്നു.
എത്ര കഠിനമാണെങ്കിലുമെത്രയോ
സുന്ദര സ്വപ്നങ്ങളെ
പിന്നെ,പ്രകൃതിതന്നത്യപൂര്‍വ്വങ്ങളെയൊക്കെയും
പോറ്റുന്നു..
ആരോടുമൊന്നുമിരക്കാതെ..
തേങ്ങുകയില്ലയീ മരുഭൂമികള്‍...

വെള്ളിയാഴ്‌ച, ഡിസംബർ 8

നല്ലതു്‌ എന്ന സങ്കല്പം

നിത്യം പുലര്‍ച്ചെ വിടരും സുമങ്ങളോ-
ടില്ലെനിക്കിന്നല്പമിമ്പമോ കമ്പമോ!
എത്ര വിദൂരയാണെങ്കിലും ശ്രേഷ്ഠമാ-
മൊന്നതൊരൊറ്റ ജന്മത്തിന്റെ സാഫല്യ-
മാകണം; പിന്നാലെയെത്തും വസന്തങ്ങ-
ളാദിവ്യഗന്ധം സ്മരിച്ചേ മടങ്ങാവൂ..
........................
വര്‍ഷങ്ങള്‍ കൂടിയുദിച്ചെന്നിരിക്കിലും
തേജസ്വിയായി ജ്വലിക്കണം താരകം!

തിങ്കളാഴ്‌ച, ഡിസംബർ 4

ഒരു സായാഹ്നം

ആവി പറക്കുന്ന ചിക്കന്‍ മസാലപ്പടം
ചെന്നായക്കാട്ടിലൊരിടത്തൊളിച്ചിരുന്നു നുണഞ്ഞു.
പിന്നെ കണ്ണുരുട്ടി അലറിപ്പായുന്ന
മൃഗങ്ങള്‍ക്കിടയിലൂടെ നൂണു്‌ മണിയറയിലെത്തി.
അദൃശ്യമായ തടവറയില്‍ നിന്നു ദൃശ്യമായ തടവറയിലേക്കു്‌..
അവിടെ, കമ്പ്യൂട്ടര്‍ സുന്ദരിയുടെ തരളതയില്‍
മനസ്സും ശരീരവും ബാധകള്‍ക്കു വിട്ടുകൊടുത്തു.
പിന്നെ,തണുത്ത വിദേശനിര്‍മ്മിത വാതത്തില്‍
വിളറി പിടിച്ച മധുസമുദ്രത്തില്‍ ആടിയുലഞ്ഞു,
നിദ്രയുടെ തീരങ്ങളിലേക്കു...
ദിശ തെറ്റിയ പായ്കപ്പലായ്....
ഇപ്പോള്‍, സ്വപ്നങ്ങളുടെ കടല്‍ക്കാക്കകള്‍ ഉണരുന്നനേരം..
ഓര്‍മ്മകളുടെ നശിച്ച കലമ്പലല്ലാതെ ,
നിരര്‍ത്ഥകങ്ങള്‍ക്കു മീതേ
വ്യര്‍ത്ഥത കൊണ്ടഭിഷേകം ചാര്‍ത്തലല്ലാതെ,
ഇവറ്റകള്‍ക്കു മറ്റൊന്നുമില്ലേ ശബ്ദിക്കാന്‍?
ഒരു സുഖനിമിഷമെങ്കിലും നിശ്ശബ്ദതയിലേക്കു
ഭാഷാന്തരം നടത്തിക്കിട്ടിയിരുന്നെങ്കില്‍!!!

ചൊവ്വാഴ്ച, നവംബർ 28

യൌവ്വനം എന്ന രോഗി!

യൌവ്വനമെന്നൊരു രോഗി.
ജീവിതത്തിന്റെ ആസ്പത്രിക്കിടക്കയില്‍,
എപ്പോഴോയെത്തുന്ന,
അല്ലെങ്കിലൊരിക്കലും വരാത്ത ശുശ്രൂഷകരെ കാത്തു്‌,
അരിച്ചിറങ്ങുന്ന വേദനയിലും,
രോഗാണുക്കളുടെ നൃത്തത്തിലാനന്ദം തേടുന്ന
സ്വയം വെറുക്കുന്ന രോഗി.
എങ്കിലും യൌവ്വനമേ,
നിന്റെ രോഗം ഭേദമായാലും,
വീണ്ടും നീ രോഗിയാവുക!
കാരണം, ഇതു പുതിയ കാലം.
ആസ്പത്രികളുടെ സമൂഹം!
പുറത്തു നീ ഏകനാണു്‌...

വെള്ളിയാഴ്‌ച, നവംബർ 24

ഒരു നന്ദിഗാനം

ദൂരെയേതോ നദിയൊന്നാകെ ബാഷ്പമായ്
മേഘമായ് വന്നെന്റെ തീ കെടുത്താന്‍!
'നന്ദി',യൊരുവാക്കതല്ലാതെ വേറെന്തു
ചൊല്ലണമെന്നെനിക്കറിയുകില്ല.
വറ്റിയ മാറില്‍ നിന്‍ കുഞ്ഞുങ്ങള്‍ ദാഹിച്ചു
പൊട്ടിക്കരയുന്നതോര്‍ത്തുപോകെ,
മണ്ണിലേയ്ക്കൂര്‍ന്നിറ്റു വീഴുവാനല്ലാതെ
കണ്ണുനീരേ നിനക്കെന്തിനാകും?

വെള്ളിയാഴ്‌ച, നവംബർ 17

അനശ്വരത

വിജന്തു വിസസ്യ വിഫല ഭൂമി!
തരിശുമണ്ണിന്റെ അനന്തസ്വാതന്ത്ര്യം,
അലസശയനം!
ഇവിടെയെത്തുക വിത്തുകളേ,
സ്വസ്ഥമായും സ്വതന്ത്രമായും
മുളയ്ക്കാത്ത നാമ്പുമായ് വിശ്രമിക്കാം...
നശിക്കാനായെന്തിനു മുളയ്ക്കണം?

ചൊവ്വാഴ്ച, നവംബർ 14

ഭ്രാന്താശുപത്രിയില്‍ സമയം!

ശീതീകരിച്ചൊരു മുറിയിലിരുന്നിട്ടും
സമയത്തിനെന്തൊരു ചൂടു്‌!
ആരോടെന്നില്ലാത്ത വിദ്വേഷമോ?
അതോ സംഭീതിയോ?
അല്ല, പകയോ?
എങ്കിലുമീ വാര്‍ത്തയുണ്ടാകയില്ലയോ?
"ഭ്രാന്താശുപത്രിയില്‍ സമയം!"

സാല്‍വദര്‍ ദാലി (Salvador Dali) യുടെ Persistence of Memory എന്ന പ്രശസ്തമായ ചിത്രം കണ്ടപ്പോള്‍ പെട്ടെന്നു തോന്നിയതു്‌. (അതും ഇതും തമ്മില്‍ പക്ഷേ ബന്ധമൊന്നും ഇല്ല.)

വ്യാഴാഴ്‌ച, നവംബർ 2

ആയുധങ്ങള്‍

നിഷ്കളങ്കതയുടെ ജീവരക്തത്തില്‍ നീരാടുമ്പോള്‍,
ദൈന്യതയുടെ നെഞ്ചിന്‍കൂടു്‌ തുളയ്ക്കുമ്പോള്‍,
രോദനത്തിന്റെ മുഖങ്ങളെ കത്തിച്ചു വെണ്ണീറാക്കുമ്പോള്‍,
പശ്ചാത്തപിക്കാന്‍ പോലും കഴിയാത്ത കുറ്റബോധത്താല്‍,
കരയാന്‍ പോലുമാവാതെ,
അടുത്ത ഊഴവും കാത്തിരിക്കുന്ന നിശ്ശബ്ദര്‍ - ആയുധങ്ങള്‍!
പുതിയൊരു ജന്മമുണ്ടെങ്കില്‍, ആയുധങ്ങളേ,
സ്വതന്ത്രരായി ജനിക്കാം....

വ്യാഴാഴ്‌ച, ഒക്‌ടോബർ 26

ഇന്നത്തെ ശകലം

ആഹ്ലാദമെന്ന കപടസത്യം
അസ്ഥികൂടത്തിന്റെ നിത്യസ്മിതത്തില്‍ ‍ചിരംജീവിയാകുന്നു!
വിഷാദം മാംസങ്ങളില്‍ കുടിയിരുന്നു,
പിന്നെ ജീര്‍ണ്ണിച്ചു പോകുന്നു..

തിങ്കളാഴ്‌ച, ഒക്‌ടോബർ 23

വാക്കുകള്‍

‍കാതില്‍ വിതറിയ വാക്കുകള്‍ വേരിട്ടു,
വേരിട്ടു നൂറുനൂറായിരമായ്പിരി-
ഞ്ഞെല്ലാം വളര്‍ന്നുപടരുന്നതെന്നിലേ-
യ്ക്കെന്നിലെയര്‍ത്ഥങ്ങളൂറ്റിത്തഴയ്ക്കുവാന്‍!

ബുധനാഴ്‌ച, ഒക്‌ടോബർ 18

നിനക്കു ജനനമില്ല!!!!

നിനക്കു ജനനമില്ല!!!!
നീ നിന്റെ വിശപ്പു ഭക്ഷിച്ചു ജീവിച്ചു കൊള്ളണം!
നിന്റെ തടവറയില്‍ നീ സ്വതന്ത്രനായിരിക്കണം!
നിന്റെ അന്ധതയില്‍ നീ വെളിച്ചം ദര്‍ശിക്കണം!
നിന്റെ ബധിരതയില്‍ നീ മധുരഗാനങ്ങള്‍ കേള്‍ക്കണം!
നിന്റെ ശ്വാസവായു ഉച്ഛ്വാസത്തില്‍ നിന്നെടുത്തുകൊള്ളണം!
അതിനാല്‍ നിനക്കു ജനനമില്ല!!!!!!

വെള്ളിയാഴ്‌ച, ഒക്‌ടോബർ 13

ചില്ലുതടവില്‍

വിഹായസ്സിലൂടെ നീ അഭിജാതനായി പറന്നു നീങ്ങി!
നിനക്കു മേലേ സൂര്യന്‍ മാത്രം!
സൂര്യതേജസ്സു്‌ ആദരവാല്‍,
ഭൂമിയില്‍ നിന്റെ നിഴല്‍ വരച്ചു വണങ്ങി!
നിന്റെ കീഴില്‍ അവര്‍ അതു കണ്ടു അത്ഭുതം കൂറി!
നീ ചക്രവാളം കടന്നുപോയി;
ഒരു നാളെന്നോ അവരിലൊരാള്‍ നിന്നെ മണ്ണിലേക്കു കൊണ്ടുവന്നു.
ഒരു കല്‍പ്രതിമയില്‍ നീ നിശ്ചലനായി!
പിന്നെ കാലം കഴിഞ്ഞപ്പോള്‍,
കവലകളില്‍ ഇഴജന്തുക്കളുടെ പ്രതിമകള്‍, ചിത്രങ്ങള്‍!
അവയ്ക്കു താഴെ നിനക്കില്ലാതിരുന്ന നിന്റെ പേരുകള്‍!
നീയറിയാതിരുന്ന വാക്കുകള്‍!
നീയണിയാത്ത വര്‍ണ്ണങ്ങള്‍!
ഇപ്പോള്‍ നീയെന്നാല്‍ നീ വെറുത്തിരുന്നവന്‍ മാത്രം!
നിന്നെക്കണ്ടു്‌ ഭയന്നോടിയിരുന്ന ഭീരുക്കള്‍,
നിന്റെ ചരിത്രത്തെ കശാപ്പു ചെയ്താനന്ദിക്കുന്നു.
പിശാചിന്റെ ചില്ലുമേടയില്‍
‍ദൈവം സന്തോഷവാനെന്നു അവര്‍ പറയുന്നു!
അവര്‍ പടരുന്നു!
ഏതോ മാരകരോഗത്തിന്റെ വ്രണങ്ങള്‍
അങ്ങിങ്ങു നീറുന്നതു അറിയില്ലെന്നു കരുതാം!

വ്യാഴാഴ്‌ച, ഒക്‌ടോബർ 12

ഞാന്‍

മുട്ടു കുനിച്ചിതാ ഞാനിന്നു നില്ക്കുന്നു!
ലോകമേയെന്നെപ്പരിഹസിച്ചീടുക!!
കാല്‍മുട്ടില്‍ നില്ക്കുന്ന ശൈശവപ്രായമോ-
യാജ്ഞക്കു മുന്നിലടിയാള ഭാവമോ?
രണ്ടാകിലും ഞാന്‍ വെറും കളിപ്പാവ നിന്‍-
ദാഹം ശമിക്കെക്കളിയാക്ക കാലമേ..
ലേശവും ലജ്ജയില്ലീരേഴുലോകവും
കേള്‍ക്കട്ടെയെന്നുടെ ദൈന്യമാം രോദനം!

തിങ്കളാഴ്‌ച, ഒക്‌ടോബർ 9

രണ്ടു്‌ ഈരടികള്‍

1. ഇരയ്ക്കുമുന്നിലുമിരന്നു നില്ക്കണം!
ഇനിയവയ്ക്കും ശക്തിയുണ്ടേ!

*************************

2. കോട്ട പണിഞ്ഞു ഞാന്‍ തീര്‍ന്നില്ല; തീരാത്ത
തെറ്റുകളിഷ്ടികക്കൂട്ടമായ് കൂടുന്നു!

ചൊവ്വാഴ്ച, സെപ്റ്റംബർ 26

പകലൊന്നു പോകുവാനായ്....

പകലൊന്നു പൊയ്ക്കോട്ടെ;
എന്നിട്ടു ജാലകം തെല്ലു തുറന്നെനി-
ക്കാകാശമാകെത്തിരയണം താരകള്‍
ശുദ്ധമാമിത്തിരി വെട്ടം ചുരത്തുന്ന-
തൊന്നു നുണയണം; ശാന്തം മയങ്ങുന്ന
കുഞ്ഞിന്റെ നിശ്വാസ നിസ്വനം കേള്‍ക്കുവാന്‍
കാതോര്‍ത്തിരിക്കണം; പകലൊന്നു പൊയ്ക്കോട്ടെ;
..............................
ഇനിയെത്ര നേരമുണ്ടിരവിന്‍ വരവിനായ്?

വെള്ളിയാഴ്‌ച, സെപ്റ്റംബർ 22

ഇരകള്‍

അറിഞ്ഞീല ഞാ;നെന്റെ
യാത്രത്തീവണ്ടിയിന്നു
ഹനിച്ചൊരമ്മയേയും
രണ്ടു പൈതങ്ങളെയും!
പിന്നെയെന്‍ സ്വപ്നത്തില്‍ വ-

ന്നടക്കം ചൊല്ലിയാരോ
"നിന്‍ കീഴിലമര്‍ന്നുപോം
പാവങ്ങളാണു ഞങ്ങള്‍!
നീയൊരു കശാപ്പുവാള്‍!
ജീവിതം ബലിക്കല്ലും!
എത്രയോ കുരുതി; നീ-
യറിഞ്ഞോയല്ലാതെയോ!
"താപമില്ലെന്നില്‍ പശ്ചാ-
ത്താപവുമില്ലയിപ്പോള്‍
ശബ്ദവുമില്ല, വാക്കി-
ലിരകള്‍ ജയിച്ചോട്ടെ!

ബുധനാഴ്‌ച, സെപ്റ്റംബർ 20

ഞാനൊന്നു കണ്ണടച്ചപ്പോള്‍....

പെട്ടെന്നു ഞാന്‍ കണ്ട ചിത്രങ്ങളില്‍ നിന്നു
വര്‍ണ്ണങ്ങളെല്ലാമലിഞ്ഞു പോയി!
എന്നില്‍ ലയം കൊണ്ട ശോകഗാനത്തില്‍ നി-
ന്നിക്ഷണം രാഗം കൊഴിഞ്ഞുപോയി!
ശില്പങ്ങള്‍ രൂപം വെടിഞ്ഞു പൊടുന്നനെ
കല്‍ക്കൂട്ടമായ് വീണടിഞ്ഞു താഴെ!
മണ്‍ചെരാതിന്‍ തിരി വിട്ടുപോയ് ദീപങ്ങള്‍!!
പ്രാപഞ്ചികാഭയും മങ്ങിമാഞ്ഞോ?
(1999)

വ്യാഴാഴ്‌ച, ഓഗസ്റ്റ് 31

രണ്ടു കവിതകള്‍

സുഹൃത്തിനു........ സ്നേഹിതനു......


ശാന്തസൌഹാര്‍ദ്ദമേ, നീയെന്‍ സതീര്‍ത്ഥ്യനില്‍
കൂടൊരുക്കാന്‍ വന്ന വെണ്‍കപോതം!

ഞാനെന്നുമെന്നും നിനക്കായി സല്ലാപ-

നെന്മണി വാരി വിതറിടുന്നു!

ദീര്‍ഘകാലം നിനക്കായുസ്സു നേരുന്നു,
നിന്‍ ചിറകേറിയ സൌമ്യതയ്ക്കും!

തിരകളേ....

എന്നെത്തിരക്കിവന്നപ്പോള്‍ കരുതി ഞാന്‍

നിങ്ങളെന്‍ സ്നേഹിതരാകുമെന്ന്..

വന്നടുത്തപ്പഴോ, തിരകളേ, നിങ്ങള്‍ക്കി-

തെന്ത്? വെറുപ്പോ? പരിഭവമോ?

ചൊവ്വാഴ്ച, ഓഗസ്റ്റ് 29

ചിലതു

ഒരു കൂട്ടത്തില്‍ തിരിച്ചറിയപ്പെടണം.ഒരു സമൂഹത്തില്‍ വേറിട്ടു നില്ക്കുന്ന ഒരാളാകണം.മനുഷ്യ സമുദായത്തില്‍ തന്നെ വ്യത്യസ്തനായ ഒരു വ്യക്തിത്വമാകണം .പക്ഷേ അതിനു മുമ്പു സ്വയം തിരിച്ചറിയണം.ഏറ്റവും കഠിനമായ ഒരു കാര്യം.

സ്വന്തം വേദനയെക്കാള്‍ സമൂഹത്തിന്റെ വേദന ഹൃദയത്തില്‍ സ്പര്‍ശിക്കുമ്പോഴാണു്‌, നമ്മള്‍ പുറന്തോടുകളില്‍ നിന്നും പുറത്തുവരുന്നതു്‌. സ്വകാര്യമായ ഭയം ഒരിക്കലും ഒരു പരാധീനത അല്ല. സ്വകാര്യമായ ധീരത ഉന്നതമാണു എന്ന വാദത്തിലും കഴമ്പില്ല. ഒരു വ്യക്തി നിഴലിലൊളിക്കുന്നതും അവന്റെ മനസ്സ് സമൂഹത്തില്‍ നിന്നു ഉള്‍വലിയുന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. സാമൂഹിക പ്രശ്നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണു ഏറ്റവും വലിയ ഭീരുത്വം. ബോധത്തെ സമൂഹത്തില്‍ നിന്നും മന:പ്പൂര്‍വ്വം വേര്‍പെടുത്തി നിര്‍ത്തുന്ന ഒരാള്‍, ആരായിരുന്നാലും, അയാള്‍ എന്തിനു വേണ്ടി ജീവിച്ചാലും മനുഷ്യസമുദായത്തിനു ഒരു തരത്തിലും ഗുണകരമാവില്ല.