തിങ്കളാഴ്‌ച, നവംബർ 19

മറവി

കാറ്റത്തു പാറിപ്പാറി അതിലലലിഞ്ഞില്ലാതായ കൊടി
പറന്നു പറന്നു തൂവല്‍ കൊഴിഞ്ഞു്
ചക്രവാളത്തില്‍ മറഞ്ഞ പറവ
ഏതൊക്കെയോ ആവേശങ്ങള്‍ മണ്ണില്‍ നിന്നും വിണ്ണിലേയ്ക്കു പടര്‍ത്തിയര്‍
ആകാശത്തില്ലാ നിങ്ങള്‍ക്കു സ്മാരകങ്ങള്‍ (ഭൂമിയിലും).
കട്ടപിടിച്ച വിഷാദത്തിന്റെ കരിമ്പുകയേയും മായ്ച്ചുകളയുന്ന വിണ്ണേ,
നീ തന്നെ മൂകത
നീ തന്നെ മറവിയും

ബുധനാഴ്‌ച, നവംബർ 14

പ്രശംസ

അടിമ, കള്ളന്‍ , വേശ്യ......
കുലമണ്ണില്‍ നിന്നും വേരിളക്കി മാറാനാകാത്ത പാഴ്ച്ചെടികള്‍
അതുപോലെയുണ്ട് കുറച്ചു വാക്കുകളും
ആര്‍ക്കും കൊണ്ടുപോയി ഏതു ജുഗുപ്സിതനൃശംസതയുടെ മുന്നിലും
മുട്ടുകുത്തിക്കാനാകുന്നവ..... - പ്രശംസാവചനങ്ങള്‍ !

തിങ്കളാഴ്‌ച, നവംബർ 12

ചിരി

അര്‍ത്ഥം, നിഗൂഢത, ലക്ഷ്യം
ഇവയുടെ വൈരൂപ്യത്തെ
നിന്റെ ചിരിയുടെ സൌന്ദര്യം എത്ര നന്നായി മറയ്ക്കുന്നു!
പ്രാക്തന ചിഹ്നങ്ങള്‍ പോലെ
വരച്ചതു വായിക്കാനാകാതെ
അര്‍ത്ഥം തേടാനറിയാതെ
ഒരു മറുചിരിയുടെ വിഡ്ഢിത്തത്തെ
ഞാന്‍ നിഷ്ക്കളങ്കം സ്വയം ചാര്‍ത്തുന്നു!