വ്യാഴാഴ്‌ച, ജൂലൈ 19

ഒരു മോഹം

ഒഴുകിയെത്തിയൊരു നീര്‍ത്തുള്ളി
ഉറവയിലെത്താന്‍ മോഹിക്കുന്നുണ്ടാകാം...
ഇരു കവിളിലും
കൈവിരല്‍ത്തുമ്പും തന്ത്രിയും നല്‍കിയ
ചുംബനങ്ങളെ
സ്വരങ്ങളും മോഹിക്കുന്നുണ്ടാകാം...
കണ്ണീരു പോലും മിഴിത്തുമ്പില്‍ തിരികെപ്പോയി
വെറുതെയൊന്നു വീര്‍ക്കാന്‍ മോഹിച്ചെന്നിരിക്കാം....
.............................
എനിക്കുമുണ്ടെന്റെ ശൈശവത്തിലേക്കൊന്നു തിരികെപ്പോകണമെന്നു്.....

ഞായറാഴ്‌ച, ജൂലൈ 8

സ്വപ്നം

1
നിശ്ചിതമെന്നു പറയപ്പെടുന്നെങ്കിലും, അനിശ്ചിതമായ വര്‍ണ്ണഭാവവ്യതിയാനങ്ങളിലും അപൂര്‍ണ്ണതയിലും ഋതുക്കള്‍ സ്വപ്നങ്ങളെ അനുകരിക്കുന്നു.
2
മനസ്സില്‍ അന്തര്‍ലീനമായ എല്ലാ ശക്തികളുടെയും അസാന്നിദ്ധ്യത്തില്‍ അവയുടെ അപരന്മാര്‍ സ്വപ്നങ്ങളില്‍ വന്നു വേഷം കെട്ടുന്നു.
3
സ്വപ്നങ്ങളെ പ്രണയം ഒരുപാടുകാലം അപഹരിച്ചിട്ടുണ്ടാകണം.അവ നല്‍കിയ കാല്പനികത മൂല്യനിര്‍ണ്ണയങ്ങളില്‍ മെച്ചമോ മോശമോ ആയിക്കൊള്ളട്ടെ, പ്രണയമില്ലാത്ത സ്വപ്നങ്ങള്‍ തീര്‍ത്തും വിരസം. അതിലേറെ, പ്രണയം കൂട്ടില്ലെങ്കില്‍ സ്വപ്നങ്ങള്‍ക്ക് നമ്മളാകും‍ അരസികര്‍.
4
അങ്ങിങ്ങു ഇഴഞ്ഞുപോകുന്ന ഉരഗങ്ങളെപ്പോലെ, വ്യക്തിപരമായ അസംബന്ധങ്ങള്‍ക്കപ്പുറം സ്വപ്നങ്ങള്‍ക്കു കൂടുതലായി ഒരു വിലമതിക്കനാകില്ല.
5
എങ്കിലും, സ്വപ്നമില്ലാത്ത അവസ്ഥ മനസ്സിനെ വൈകാരികനിശ്ചലതയില്‍ ഘനീഭവിപ്പിക്കുന്നു.

തിങ്കളാഴ്‌ച, ജൂലൈ 2

ഇറച്ചിക്കോഴി

മരണത്തിലേയ്ക്കുമാത്രം നീങ്ങുന്ന
നിദ്രപോലെ നിശ്ചലമായ ഒറ്റവഴി-നിന്റെ ജീവിതം
നിന്റെ മാംസത്തെയും പെറ്റിട്ടു,
പാലൂട്ടാനാകാതെ പോകുന്ന
നിന്റെ ജീവന്റെ
ആരും കാണാത്ത വേദനയ്ക്കു പക്ഷേ ഭാരമില്ല
ഭാരമില്ലാത്തതിനു വിലയുമില്ല...

ഞായറാഴ്‌ച, ജൂലൈ 1

ഒരു വായന

ഒരു പുസ്തകത്തിന്റെ വാതില്‍പ്പഴുതിലൂടെ ഞാനൊന്നെത്തിനോക്കി....
ചരിത്രം അന്ത:പുരത്തില്‍ കടക്കുന്നു.
ചാമരം വീശി ഒരു താള്‍ മറിച്ചു
ആ കാ‍റ്റില്‍ തിരി കെട്ടതോ
അതോ അക്ഷരങ്ങള്‍ ഇരുണ്ടിരുണ്ട് ഇരുള്‍ പരത്തിയതോ?
ആ ഇരുളില്‍ കണ്ടതു് പുസ്തകങ്ങളില്‍ നിന്നു
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ആത്മാക്കള്‍..
അവര്‍ ഭാഗ്യവാന്മാര്‍!
അവരുടെ നാമങ്ങളെ
ആഢ്യന്റെ ആര്‍ത്തിമഷിക്കറ പൂശി
കടലാസില്‍ കെട്ടിവച്ച് ആരും
ഗ്രന്ഥങ്ങളുടെ തടവറയിലാക്കിയില്ലല്ലോ...