ഉള്ളില്‍ അളിഞ്ഞഴുകുന്ന ദുര്‍ഗന്ധങ്ങളെ കെട്ടിനിര്‍ത്തി വീര്‍പ്പിച്ച വമ്പന്‍ ബലൂണുകള്‍ കാലദേശ ദിഗന്തരത്തിലുയര്‍ന്നു പൊങ്ങുന്നു അവ വലിയ കാഴ്ചകളുടെ നിറവിനാല്‍ കണ്ണുകളെ മയക്കുന്നു കണ്ണിനു മുന്നില്‍ മനസ്സും മനസ്സിനു മുന്നില്‍ ബുദ്ധിയും ജിഹ്വയും കര്‍മ്മവും അടിമയാകുന്നു ഒരടിമ അനേകം അടിമകളെ സൃഷ്ടിക്കുന്നു അടിമകളുടെ ജനത രൂപം കൊള്ളുന്നു ആ ജനത സ്വന്തം വലിപ്പമറിയാതെ മുട്ടിലിഴയുന്നു അവരുടെ ചിറകുകള്‍ അവര്‍ക്കന്യമാകുന്നു വേദനകള്‍ സ്വകാര്യമാകുന്നു ഒരുവന്റെ തേങ്ങല്‍ അവന്റെയുള്ളില്‍ മാറ്റൊലിക്കൊണ്ട് അവനിലൊടുങ്ങുന്നു. സ്വന്തം കുഴിമാടങ്ങള്‍ മാന്തി മാന്തി അവര്‍ കാത്തിരിക്കുന്നു പ്രവചിക്കപ്പെട്ട മോചനത്തിന്റെ നിതാന്തമായ അടിമത്തത്തിനായ്.....
എന്തിനൊക്കെയോ വേണ്ടി നീയും പിറന്നു. കൃത്യമായ ആയുസ്സോടെ .. ഇനിയുള്ള യാത്രയില്‍ ചിലര്‍ നിന്നെ വെറുക്കും ചിലര്‍ സ്നേഹിക്കും. സ്നേഹിക്കാന്‍ ഇന്നു നിന്റെ ജന്മവേളയിലെങ്കിലും ഒരുപാടുപേരുണ്ടാകും. എന്തായാലും എന്റെ വക ഒരു മുത്തം-2008നു
കാറ്റത്തു പാറിപ്പാറി അതിലലലിഞ്ഞില്ലാതായ കൊടി പറന്നു പറന്നു തൂവല്‍ കൊഴിഞ്ഞു് ചക്രവാളത്തില്‍ മറഞ്ഞ പറവ ഏതൊക്കെയോ ആവേശങ്ങള്‍ മണ്ണില്‍ നിന്നും വിണ്ണിലേയ്ക്കു പടര്‍ത്തിയര്‍ ആകാശത്തില്ലാ നിങ്ങള്‍ക്കു സ്മാരകങ്ങള്‍ (ഭൂമിയിലും). കട്ടപിടിച്ച വിഷാദത്തിന്റെ കരിമ്പുകയേയും മായ്ച്ചുകളയുന്ന വിണ്ണേ, നീ തന്നെ മൂകത നീ തന്നെ മറവിയും
അടിമ, കള്ളന്‍ , വേശ്യ...... കുലമണ്ണില്‍ നിന്നും വേരിളക്കി മാറാനാകാത്ത പാഴ്ച്ചെടികള്‍ അതുപോലെയുണ്ട് കുറച്ചു വാക്കുകളും ആര്‍ക്കും കൊണ്ടുപോയി ഏതു ജുഗുപ്സിതനൃശംസതയുടെ മുന്നിലും മുട്ടുകുത്തിക്കാനാകുന്നവ..... - പ്രശംസാവചനങ്ങള്‍ !
അര്‍ത്ഥം, നിഗൂഢത, ലക്ഷ്യം ഇവയുടെ വൈരൂപ്യത്തെ നിന്റെ ചിരിയുടെ സൌന്ദര്യം എത്ര നന്നായി മറയ്ക്കുന്നു! പ്രാക്തന ചിഹ്നങ്ങള്‍ പോലെ വരച്ചതു വായിക്കാനാകാതെ അര്‍ത്ഥം തേടാനറിയാതെ ഒരു മറുചിരിയുടെ വിഡ്ഢിത്തത്തെ ഞാന്‍ നിഷ്ക്കളങ്കം സ്വയം ചാര്‍ത്തുന്നു!
1 നിശ്ചിതമെന്നു പറയപ്പെടുന്നെങ്കിലും, അനിശ്ചിതമായ വര്‍ണ്ണഭാവവ്യതിയാനങ്ങളിലും അപൂര്‍ണ്ണതയിലും ഋതുക്കള്‍ സ്വപ്നങ്ങളെ അനുകരിക്കുന്നു. 2 മനസ്സില്‍ അന്തര്‍ലീനമായ എല്ലാ ശക്തികളുടെയും അസാന്നിദ്ധ്യത്തില്‍ അവയുടെ അപരന്മാര്‍ സ്വപ്നങ്ങളില്‍ വന്നു വേഷം കെട്ടുന്നു. 3 സ്വപ്നങ്ങളെ പ്രണയം ഒരുപാടുകാലം അപഹരിച്ചിട്ടുണ്ടാകണം.അവ നല്‍കിയ കാല്പനികത മൂല്യനിര്‍ണ്ണയങ്ങളില്‍ മെച്ചമോ മോശമോ ആയിക്കൊള്ളട്ടെ, പ്രണയമില്ലാത്ത സ്വപ്നങ്ങള്‍ തീര്‍ത്തും വിരസം. അതിലേറെ, പ്രണയം കൂട്ടില്ലെങ്കില്‍ സ്വപ്നങ്ങള്‍ക്ക് നമ്മളാകും അരസികര്‍. 4 അങ്ങിങ്ങു ഇഴഞ്ഞുപോകുന്ന ഉരഗങ്ങളെപ്പോലെ, വ്യക്തിപരമായ അസംബന്ധങ്ങള്‍ക്കപ്പുറം സ്വപ്നങ്ങള്‍ക്കു കൂടുതലായി ഒരു വിലമതിക്കനാകില്ല. 5 എങ്കിലും, സ്വപ്നമില്ലാത്ത അവസ്ഥ മനസ്സിനെ വൈകാരികനിശ്ചലതയില്‍ ഘനീഭവിപ്പിക്കുന്നു.
മരണത്തിലേയ്ക്കുമാത്രം നീങ്ങുന്ന നിദ്രപോലെ നിശ്ചലമായ ഒറ്റവഴി-നിന്റെ ജീവിതം നിന്റെ മാംസത്തെയും പെറ്റിട്ടു, പാലൂട്ടാനാകാതെ പോകുന്ന നിന്റെ ജീവന്റെ ആരും കാണാത്ത വേദനയ്ക്കു പക്ഷേ ഭാരമില്ല ഭാരമില്ലാത്തതിനു വിലയുമില്ല...
ഒരു പുസ്തകത്തിന്റെ വാതില്‍പ്പഴുതിലൂടെ ഞാനൊന്നെത്തിനോക്കി.... ചരിത്രം അന്ത:പുരത്തില്‍ കടക്കുന്നു. ചാമരം വീശി ഒരു താള്‍ മറിച്ചു ആ കാറ്റില്‍ തിരി കെട്ടതോ അതോ അക്ഷരങ്ങള്‍ ഇരുണ്ടിരുണ്ട് ഇരുള്‍ പരത്തിയതോ? ആ ഇരുളില്‍ കണ്ടതു് പുസ്തകങ്ങളില്‍ നിന്നു കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ആത്മാക്കള്‍.. അവര്‍ ഭാഗ്യവാന്മാര്‍! അവരുടെ നാമങ്ങളെ ആഢ്യന്റെ ആര്‍ത്തിമഷിക്കറ പൂശി കടലാസില്‍ കെട്ടിവച്ച് ആരും ഗ്രന്ഥങ്ങളുടെ തടവറയിലാക്കിയില്ലല്ലോ...