ചൊവ്വാഴ്ച, ഏപ്രിൽ 19

അസൂയ

കാക്കയ്ക്ക് കൊക്കിനോടുണ്ടെന്ന്
കൊക്കുകൾ പറഞ്ഞുനടക്കുന്നതായി
കാക്കയും കൊക്കുമല്ലാത്തവർ
സ്ഥിരമായ് പറഞ്ഞുനടക്കുന്നതെന്തോ - അത്
ശരിയ്ക്കും കാക്കയ്ക്ക് കൊക്കിനോട് .., അല്ല ,
കൊക്കിന് കാക്കയോട് അസൂയ ഉണ്ട്

കാട്ടുതീ

ഒരു കാടൻ ഭാവനയ്ക്ക് ആരോ തീയിട്ടു
തീയണയ്ക്കാനാരും പോയില്ല
കത്തിയതിന്റെ നഷ്ടക്കണക്കുമില്ല
കാരണം ഇത് കാടൻ
അല്ലാതെ നാട്ടിലെ ഷോപ്പിംഗ്‌ കോംപ്ലക്സല്ല

ശനിയാഴ്‌ച, ഏപ്രിൽ 16

വെറുമർത്ഥങ്ങൾ

മണൽശിൽപ്പങ്ങൾക്കു മേൽ വീണ  ബോംബുകളും  
കളിവീടുകളിൽ  തുളച്ചു കേറിയ വെടിയുണ്ടകളും 
സ്വന്തമാക്കി വെച്ച ചില അർത്ഥങ്ങളുണ്ടെന്നഹങ്കരിക്കുന്ന വാക്കുകളാണ് 
ഭേദം, അർത്ഥമില്ലാത്ത വാക്കുകളാണ് - വെറുതേ പുക തുപ്പുകയേ ഉള്ളൂ 
അവയ്ക്ക്  വെടിമരുന്നിന്റെ വീർപ്പുമുട്ടലാണു 
വാക്കില്ലാതായ  അർത്ഥങ്ങൾ, പക്ഷേ..
വലിയ വലിയ കോലാഹലങ്ങൾക്കിടയിൽ 
എനിയ്ക്കും നിനക്കുമിടയിൽ വന്ന് 
സംവദിക്കുന്നു , ചിലപ്പോൾ കവിതയെഴുതുന്നു 
എത്ര മനോഹരമായി ..
           
               വെറുമർത്ഥങ്ങൾ 

ഭാഷയുപേക്ഷിച്ച 
ശബ്ദമുപേക്ഷിച്ച 
ലിപികളുപേക്ഷിച്ച 

വാക്കുകൾ  വെറുത്തുപേക്ഷിച്ച 

അനാഥരായ  വെറുമർത്ഥങ്ങൾ 
 


കാഴ്ച്ച

കനത്ത് കനത്തിനിയും കനക്കാനാവാതെ
ഇരുണ്ട് ഇരുണ്ടിനിയും ഇരുളാനാവാതെ
കുളിര് , ഇരുള് ..
കരഞ്ഞ് കരഞ്ഞിനിയും കരയാനാകാതെ
പെൺകുട്ടി ..
നിശ്ചലമായ് നിശ്ചലമായ് പിന്നെയും നിശ്ചലമാകാതെ 
നാഴികമണി ശൂന്യമായി
കണ്ട് കണ്ട് പിന്നെയും കണ്ട് അങ്ങനെ നിന്ന കാഴ്ച്ച
മറന്ന് മറന്ന് പിന്നെയും മറന്നുകൊണ്ടിരുന്നു

ഊന്നുവടി

വാർദ്ധക്യത്തിന്റെ പ്രതീകമാക്കിയപ്പോൾ
ഊന്നുവടി പരിഭവിച്ചു - ഞാൻ യുവാവാണ് 
വാർദ്ധക്യം പ്രതിവചിച്ചു - ഞാൻ വൃദ്ധനല്ല , നിന്നെക്കാൾ യോഗ്യനായ യുവാവാണ് 

വാത്മീകം

മൃതമാണെങ്കിലും അല്ലെങ്കിലും
മൃതമെന്നു തോന്നിക്കുന്നൊരു വാത്മീകം
ആദികാവ്യത്തിന്റെ ഗർഭപാത്രം
ഗൂഢമൗനത്തിന്റെ പൊരുളിന്നിരുൾത്തടം
കുറുകിയൊരു ശാന്ത ശൃംഗം
പിൻ വഴികളിൽ പതുങ്ങിയ കാലത്തിന്റെ മൂടുപടം
ഇന്നിന്റെ പാഴ്വഴികളിൽ കണ്ട മുഖപടങ്ങൾ പോലെ
നൈർമല്യത്തെയാണോ ക്രൂരതെയാണോ മറയ്ക്കുന്നതെന്നറിയാതെ
വാത്മീകം .............
ചിലപ്പോൾ ...
ഉള്ളിൽ
തിരയിളകിത്തള്ളുന്ന ജീവിതങ്ങളുടെ പ്രവാഹമുണ്ടാകാം
വിലങ്ങിട്ട വേദനകൾ
വിലക്കപ്പെട്ട വിശപ്പ്
വരിഞ്ഞിട്ട തേങ്ങലുകൾ
വിഹ്വലതകളുടെ വിനോദവേട്ടയ്ക്കിടയിൽ
വരിവെച്ചുനീങ്ങുന്ന വെറും ചിതലടിമകളുടെ
പതിഞ്ഞ പദരോദനങ്ങളുടെ നേർത്ത ആരവങ്ങളുണ്ടാകാം
അല്ലെങ്കിൽ
ഇന്നലെയുടെ ശാപങ്ങളിൽ
ജീവനൊലിച്ചുപോയ
മമ്മികൾ, പിരമിഡുകൾ,
മഹലുകൾ ,
കൊട്ടാരങ്ങൾ . കോട്ടകൾ
പോലെ..
...
എങ്കിലും മാനസാന്തരപ്പെടാൻ വെമ്പുന്ന മഹർഷിയുടെ ആത്മാവ് പൊലേയുള്ളൂ
ഈ വാത്മീകവും...

വെള്ളിയാഴ്‌ച, ഏപ്രിൽ 15

വര

വിപ്ലവകാരി  നല്ലൊരു ചിത്രം വരച്ചെന്നു തോന്നിച്ചു
വര കഴിയുമ്പോൾ നല്ലതെന്ന തോന്നലിനു മീതെ
അത് സത്യമാണെന്ന തോന്നലിന്റെ ചായമിറ്റിയ്ക്കണമല്ലോ
തോന്നലുകൾക്കു ഒറ്റച്ചായത്തിന്റ് ഒറ്റവരയുടെ നിർബന്ധബുദ്ധി
തോന്നലുകളിങ്ങനെ നീളുന്നു ....
താനൊരു നിഴലെന്ന്
നിഴലടിമയാണെന്ന്
തെന്നിനീങ്ങുന്ന വിരലുകൾക്ക് സ്വാതന്ത്ര്യമില്ലെന്ന്
വർണ്ണങ്ങൾക്കു യജമാനന്മാരുണ്ടെന്ന്
വർണ്ണങ്ങളെല്ലാം അടിമകളാണെന്ന്
സ്വന്തം പ്രതിബിംബം ശരിയ്ക്കു കാണുന്ന കണ്ണാടിച്ചില്ലിനെ അവിശ്വസിയ്ക്കണമെന്ന്
ചങ്ങലകൾ ക്യാൻവാസ് നിറയ്ക്കുന്നെന്ന്



വവ്വാൽ

സ്വപ്നങ്ങൾ ചിറകടച്ചവിടിവിടെപ്പാറുന്നു 
പലതൂവൽ കൊഴിയുന്നു 
തിരിതാണൊരു നേരത്തെപ്പോഴോ 
കടവാവൽ ചിറകൊച്ച 
പിന്തുടർന്നെത്തുമ്പോൾ 
തല്കീഴായ്ത്തൂങ്ങുന്ന കറുത്ത യാഥാർത്ഥ്യങ്ങളും 

വ്യാഴാഴ്‌ച, ഏപ്രിൽ 14

വിഷു

നിൻറെ ഇല്ലായ്മയിൽ നിന്നാണ് 
എൻറെ നിറവുണ്ടായതെന്ന തിരിച്ചറിവിൽ 
എന്റേതും നിന്റേതുമായ 
എന്നാൽ എന്റേതും നിന്റേതുമല്ലാത്ത 
ഈ ഭൂമിയുടെ വസന്തത്തെ 
നമുക്കൊരുമിച്ച് പങ്കിടാമെന്ന 
മറ്റൊരു സമത്വസുന്ദരസങ്കല്പത്തെ വാഴ്ത്തി 
ആശംസിക്കാം വിഷുമംഗളം 

ബുധനാഴ്‌ച, ഏപ്രിൽ 13

ഫുട്ബാൾ


കാലിൽ  നിന്നൂരിത്തെറിക്കുന്നു   ഗോളം 
ശതകോടി മിഴികളുടെ 
ഒരേയൊരു കൃഷ്ണമണി 
നേരിന്റെ കുറുകെയോ 
നേരിനെ കുറുക്കിയോ 
നേരിലൂടപ്പുറമിപ്പുറം കൂട്ടിയോ കുറച്ചോ 
ഇരുളിൽ വെളുപ്പും പകലിൽ കറുപ്പും 
ഒളിഞ്ഞും തെളിഞ്ഞും പകുത്ത് പകുത്ത് 
പകുതിക്കൾക്കിടയിൽ 
തുലാസിലൂഞ്ഞലാടി 
ഒരുപകുതിയെയിരുളാക്കി 
മറുപകുതിയിലുന്മാദമധുകോരിച്ചാർത്തി
ചങ്കുകൾ കുത്തിപ്പകുത്തും പിളർത്തിയും 
കണ്ണീർച്ചിരികൾക്കിടയിലൂടൊരുമിന്നൽ 
കൊള്ളിയായ്മിന്നിത്തെറിച്ചുപായും - വെറും ഗോളമല്ല 
കണ്ണും മനസ്സുമാത്മാവുമെല്ലം തുന്നിയ 
പൊള്ളയായൊരു തുകല്ക്കെട്ട്  

വ്യാഴാഴ്‌ച, ജൂൺ 7

വര്‍ഷവസന്തം

വന്നതും പോയതും ഒരുപാടൊരുപാടു  കണ്ടു..
വന്നനേരത്തൊക്കെ തിരികേയയയ്ക്കുവാന്‍ പലപ്പഴും തിടുക്കമായിരുന്നു.. 
കുസൃ തിയായ് ,
കൂട്ടായി,
കുളിരായി,
ഓര്‍മ്മകളിലേയ്ക്കരിച്ചിറങ്ങാന്‍  വീണ്ടുമെത്തിയ  വര്‍ഷവസന്തം ...

ഞായറാഴ്‌ച, ഒക്‌ടോബർ 31

ദാനം ചെയ്ത കൈകള്‍ കൊള്ളയടിക്കുമ്പോള്‍..

കൊള്ള

കണ്ണുകള്‍ ദാനം ചെയ്തു ക്യാമറകള്‍ക്ക്!
കാതുകള്‍ മുഴുവന്‍ ഒഴുകും ഫോണിന്...
കാലുകള്‍ ഉരുളന്‍ ചക്രങ്ങള്‍ക്ക്..
കൈകള്‍ പൂട്ടി കീബോര്‍ഡില്‍..
തലയിലൊരല്പം ചോറവശേഷിച്ചൂ..
കൊത്തിപ്പോയതതാര്? - കാക്ക അല്ല കഴുകന്‍ !

വ്യാഴാഴ്‌ച, ഫെബ്രുവരി 12

ശലഭങ്ങള്‍

തപസ്സുചെയ്തു വരംകൊണ്ട സ്വാതന്ത്ര്യത്താല്‍
സൌന്ദര്യത്തിന്റെ ലിപികളില്‍
ആകര്‍ഷണത്തിന്റെ ഭാഷയില്‍
ആത്മചരിതത്തിന്റെ കവിത കുറിക്കുകയാണു ശലഭങ്ങള്‍
പറന്നപ്പോളൊന്നുമ്മ വയ്ക്കാനായുന്ന പൂക്കള്‍ക്കു വേണ്ടി മാത്രമല്ല,
ഇഴഞ്ഞപ്പോളേറെ വെറുത്ത ഇലകള്‍ക്കു വേണ്ടിയും...........

ചൊവ്വാഴ്ച, ഫെബ്രുവരി 10

പെറുക്കിയോട്..

പെറുക്കിയോട്..
എന്തു ചെയ്യുന്നു?
അറിയില്ല
മടുക്കുന്നില്ലേ?
ഉവ്വ്‌ എങ്കിലും ഇല്ല
ഭാണ്ഡത്തിലെന്താണു്?
ഒന്നുമില്ല
എങ്ങോട്ടു പോകുന്നു?
അറിയില്ല
ആരാണു നീ?
മനുഷ്യന്‍

ചൊവ്വാഴ്ച, ജൂലൈ 8

കരിയില

ഇലകള്‍ പൊഴിഞ്ഞിമ വെട്ടും പോലെ
ഇന്നും കൊഴിഞ്ഞൊരില
അതാലസ്യത്തില്‍ മിഴിയടച്ചതല്ല
കണ്ണീര്‍ നനവു തുടച്ചതുമല്ല
ചുടുവെയിലില്‍ നിഴലക്ഷരം വായിച്ചു മടുത്തിട്ടല്ല
കാറ്റില്‍പറക്കുന്ന കനവുകളെ കണ്ടുമയങ്ങീട്ടുമല്ല
വസന്തത്തിന്റെ പകല്‍ക്കിനാവു കണ്ടതുമല്ല..
തുള്ളിനീരിനായ് കാത്തു വേരുകളും മടുത്തപ്പോള്‍
ഇമയടഞ്ഞതു് - ഇതവസാനത്തെ ഇല

വ്യാഴാഴ്‌ച, മാർച്ച് 13

അടിമകള്‍ ഉണ്ടാകുന്നതു്

ഉള്ളില്‍ അളിഞ്ഞഴുകുന്ന ദുര്‍ഗന്ധങ്ങളെ
കെട്ടിനിര്‍ത്തി വീര്‍പ്പിച്ച വമ്പന്‍ ബലൂണുകള്‍
കാലദേശ ദിഗന്തരത്തിലുയര്‍ന്നു പൊങ്ങുന്നു
അവ വലിയ കാഴ്ചകളുടെ നിറവിനാല്‍
കണ്ണുകളെ മയക്കുന്നു
കണ്ണിനു മുന്നില്‍ മനസ്സും
മനസ്സിനു മുന്നില്‍ ബുദ്ധിയും ജിഹ്വയും കര്‍മ്മവും അടിമയാകുന്നു
ഒരടിമ അനേകം അടിമകളെ സൃഷ്ടിക്കുന്നു
അടിമകളുടെ ജനത രൂപം കൊള്ളുന്നു
ആ ജനത സ്വന്തം വലിപ്പമറിയാതെ മുട്ടിലിഴയുന്നു
അവരുടെ ചിറകുകള്‍ അവര്‍ക്കന്യമാകുന്നു
വേദനകള്‍ സ്വകാര്യമാകുന്നു
ഒരുവന്റെ തേങ്ങല്‍ അവന്റെയുള്ളില്‍ മാറ്റൊലിക്കൊണ്ട് അവനിലൊടുങ്ങുന്നു.
സ്വന്തം കുഴിമാടങ്ങള്‍ മാന്തി മാന്തി അവര്‍ കാത്തിരിക്കുന്നു
പ്രവചിക്കപ്പെട്ട മോചനത്തിന്റെ നിതാന്തമായ അടിമത്തത്തിനായ്.....

വെള്ളിയാഴ്‌ച, മാർച്ച് 7

ചോര

ചോര ചായമാണു്
നാളെ കറുക്കുന്ന സത്യവും
അറവുകത്തി ബ്രഷുകള്‍
മൂകദൈന്യതയുടെ വിശാലമായ ക്യാന്‍വാസ്
അവിടെ വരച്ചുവെച്ച വികൃതരൂപങ്ങള്‍
ജീവിതത്തിന്റെ ബാക്കിസ്വപ്നങ്ങള്‍ക്കു മേലേ
മുടിയഴിച്ചലയ്ക്കുന്ന കോമരങ്ങള്‍
ആരുടെ കണ്ണീരാല്‍ മായ്ക്കാനൊക്കും
ചുടുചോര വെന്തുപടര്‍ത്തിയ മനസ്സിലെ ചിത്രങ്ങളെ

ഞായറാഴ്‌ച, മാർച്ച് 2

മങ്ങിയ ചിത്രം

മങ്ങിച്ചുരുണ്ട നിന്‍ ചര്‍മ്മക്കടലാസില്‍
കാലവും മായ്ക്കാത്തൊരനുരാഗഗാനമു-
ണ്ടതു പണ്ടു ഞാനെന്നോ അര്‍ത്ഥമറിയാതെ
ഉന്മാദസ്വപ്നത്തില്‍ കുത്തിക്കുറിച്ചവ..
ഈണം മറന്നൊരാ പാട്ടിന്റെ വരികളെ
അര്‍ത്ഥം ചികഞ്ഞൊരു കൂട്ടിവായിക്കലില്‍
ആദ്യമായ് നിന്നെ ഞാനറിയാന്‍ ശ്രമിക്കുന്നു
ഇത്രകാലം ഞാനറിയാത്തൊതൊക്കെയും.......

വ്യാഴാഴ്‌ച, ഫെബ്രുവരി 14

പ്രണയം

കനവിന്റെ മിന്നല്‍ വെളിച്ചത്തിലെവിടെയോ
വെള്ളിത്തിരയിലോ
വര്‍ണ്ണചിത്രത്തിലോ‍
നിന്‍ നിഴല്‍ വിസ്മയം കണ്ട,തിന്‍ പിന്നാലെ
പ്രണയമേ, നിന്നെ ഞാന്‍ നിത്യം തിരയുന്നു
നീയെന്ന നേരിന്റെ സാമീപ്യമറിയുവാന്‍
സൌരഭ്യമുണ്ണുവാന്‍...
എവിടെ നിന്‍ ഹൃദയം?
എവിടെ നിന്‍ ജീവന്‍?

ചൊവ്വാഴ്ച, ജനുവരി 1

ഒരു പിറവിക്കു കൂടി

എന്തിനൊക്കെയോ വേണ്ടി നീയും പിറന്നു.
കൃത്യമായ ആയുസ്സോടെ ..
ഇനിയുള്ള യാത്രയില്‍
ചിലര്‍ നിന്നെ വെറുക്കും ചിലര്‍ സ്നേഹിക്കും.
സ്നേഹിക്കാന്‍ ഇന്നു നിന്റെ ജന്മവേളയിലെങ്കിലും ഒരുപാടുപേരുണ്ടാകും.
എന്തായാലും എന്റെ വക ഒരു മുത്തം-2008നു