വ്യാഴാഴ്‌ച, ജൂലൈ 19

ഒരു മോഹം

ഒഴുകിയെത്തിയൊരു നീര്‍ത്തുള്ളി
ഉറവയിലെത്താന്‍ മോഹിക്കുന്നുണ്ടാകാം...
ഇരു കവിളിലും
കൈവിരല്‍ത്തുമ്പും തന്ത്രിയും നല്‍കിയ
ചുംബനങ്ങളെ
സ്വരങ്ങളും മോഹിക്കുന്നുണ്ടാകാം...
കണ്ണീരു പോലും മിഴിത്തുമ്പില്‍ തിരികെപ്പോയി
വെറുതെയൊന്നു വീര്‍ക്കാന്‍ മോഹിച്ചെന്നിരിക്കാം....
.............................
എനിക്കുമുണ്ടെന്റെ ശൈശവത്തിലേക്കൊന്നു തിരികെപ്പോകണമെന്നു്.....

ഞായറാഴ്‌ച, ജൂലൈ 8

സ്വപ്നം

1
നിശ്ചിതമെന്നു പറയപ്പെടുന്നെങ്കിലും, അനിശ്ചിതമായ വര്‍ണ്ണഭാവവ്യതിയാനങ്ങളിലും അപൂര്‍ണ്ണതയിലും ഋതുക്കള്‍ സ്വപ്നങ്ങളെ അനുകരിക്കുന്നു.
2
മനസ്സില്‍ അന്തര്‍ലീനമായ എല്ലാ ശക്തികളുടെയും അസാന്നിദ്ധ്യത്തില്‍ അവയുടെ അപരന്മാര്‍ സ്വപ്നങ്ങളില്‍ വന്നു വേഷം കെട്ടുന്നു.
3
സ്വപ്നങ്ങളെ പ്രണയം ഒരുപാടുകാലം അപഹരിച്ചിട്ടുണ്ടാകണം.അവ നല്‍കിയ കാല്പനികത മൂല്യനിര്‍ണ്ണയങ്ങളില്‍ മെച്ചമോ മോശമോ ആയിക്കൊള്ളട്ടെ, പ്രണയമില്ലാത്ത സ്വപ്നങ്ങള്‍ തീര്‍ത്തും വിരസം. അതിലേറെ, പ്രണയം കൂട്ടില്ലെങ്കില്‍ സ്വപ്നങ്ങള്‍ക്ക് നമ്മളാകും‍ അരസികര്‍.
4
അങ്ങിങ്ങു ഇഴഞ്ഞുപോകുന്ന ഉരഗങ്ങളെപ്പോലെ, വ്യക്തിപരമായ അസംബന്ധങ്ങള്‍ക്കപ്പുറം സ്വപ്നങ്ങള്‍ക്കു കൂടുതലായി ഒരു വിലമതിക്കനാകില്ല.
5
എങ്കിലും, സ്വപ്നമില്ലാത്ത അവസ്ഥ മനസ്സിനെ വൈകാരികനിശ്ചലതയില്‍ ഘനീഭവിപ്പിക്കുന്നു.

തിങ്കളാഴ്‌ച, ജൂലൈ 2

ഇറച്ചിക്കോഴി

മരണത്തിലേയ്ക്കുമാത്രം നീങ്ങുന്ന
നിദ്രപോലെ നിശ്ചലമായ ഒറ്റവഴി-നിന്റെ ജീവിതം
നിന്റെ മാംസത്തെയും പെറ്റിട്ടു,
പാലൂട്ടാനാകാതെ പോകുന്ന
നിന്റെ ജീവന്റെ
ആരും കാണാത്ത വേദനയ്ക്കു പക്ഷേ ഭാരമില്ല
ഭാരമില്ലാത്തതിനു വിലയുമില്ല...

ഞായറാഴ്‌ച, ജൂലൈ 1

ഒരു വായന

ഒരു പുസ്തകത്തിന്റെ വാതില്‍പ്പഴുതിലൂടെ ഞാനൊന്നെത്തിനോക്കി....
ചരിത്രം അന്ത:പുരത്തില്‍ കടക്കുന്നു.
ചാമരം വീശി ഒരു താള്‍ മറിച്ചു
ആ കാ‍റ്റില്‍ തിരി കെട്ടതോ
അതോ അക്ഷരങ്ങള്‍ ഇരുണ്ടിരുണ്ട് ഇരുള്‍ പരത്തിയതോ?
ആ ഇരുളില്‍ കണ്ടതു് പുസ്തകങ്ങളില്‍ നിന്നു
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ആത്മാക്കള്‍..
അവര്‍ ഭാഗ്യവാന്മാര്‍!
അവരുടെ നാമങ്ങളെ
ആഢ്യന്റെ ആര്‍ത്തിമഷിക്കറ പൂശി
കടലാസില്‍ കെട്ടിവച്ച് ആരും
ഗ്രന്ഥങ്ങളുടെ തടവറയിലാക്കിയില്ലല്ലോ...

വെള്ളിയാഴ്‌ച, ജൂൺ 29

മുഖം‌മൂടികള്‍

മുള്ളിനു പൂവു്‌,
പൂവിനു വര്‍ണ്ണം
വര്‍ണ്ണത്തിനഴകു്
അഴകിനു ഗന്ധം
മുഖം‌മൂടികള്‍!

ദൃശ്യത്തിനു വരകള്‍

വാക്കുകള്‍ വരിഞ്ഞുമുറുക്കി വരികള്‍ മുഖം‌മൂടി തീര്‍ത്തു
കവിതയുടെ അര്‍ത്ഥമുഖത്തിനും...

എനിക്കോ?
എന്റെ മുഖം‌ തന്നെ എന്റെ മുഖം‌മൂടി

ജീവിതത്തിനു പക്ഷേ മുഖവുമില്ല മുഖം‌മൂടിയുമില്ല..

വ്യാഴാഴ്‌ച, ഏപ്രിൽ 19

നഗ്നത

കൃത്രിമത്വം ഒട്ടാത്ത തൊലിയുടെ അവസ്ഥയില്‍ നിന്നും
മാംസമുടുക്കാത്ത അസ്ഥികൂടത്തിന്റെ അവസ്ഥയിലേയ്ക്കു്‌
നഗ്നത
പൊരുള്‍ തേടിപ്പോയതായിരിക്കാം....
- സൌന്ദര്യം ഉപേക്ഷിച്ചപ്പോള്‍ മാത്രം-

തിങ്കളാഴ്‌ച, ഫെബ്രുവരി 12

ഒറ്റത്തുരുത്തില്‍

ചുവരുകള്‍ മനസ്സിലു;മതിലെന്നോ പതിയിച്ച
മുഖമെല്ലാം കീറിഞാന്‍ തീകൊളുത്തി - പുക-
ച്ചുരുളൊന്നുയര്‍ന്നതിലാമുഖമോരോന്നായ്
രൂപംധരിക്കുന്നു; പിന്നെയുയരവേ
ഭൂതകാലങ്ങളില്‍ ചുറ്റിപ്പിണയുന്ന
നാഗങ്ങളാകുന്നു; പത്തിവിടര്‍ത്തുന്ന
ചോദ്യാടയാളങ്ങള്‍ ഭാവിക്കു നേര്‍തിരി-
ഞ്ഞോങ്ങുന്നു,വെന്നിലേക്കെത്തുവാന്‍ വെമ്പുന്ന
ഹര്‍ഷനിമിഷങ്ങളോടിയകലുന്നു.....

തിങ്കളാഴ്‌ച, ഫെബ്രുവരി 5

വേനലില്‍ കുളിരേകുന്നവര്‍

ഞാനെന്റെ ദു:ഖം മറന്നിടാന്‍, നിന്‍
‍മാറത്തു തലചായ്ച്ചുറങ്ങി; പക്ഷേ
നിന്നിലെ പൊള്ളുന്ന ഹൃത്തടത്തിന്‍
‍നൊമ്പരച്ചൂടറഞ്ഞില്ലയൊട്ടും!
നിലവിളിയില്ലാത്ത വേദനകള്‍,
അലമുറയില്ലാത്ത ദു:ഖങ്ങളും
കാണാത്ത ഞാന്‍ വെറുമന്ധനല്ലേ?
അറിയാത്ത ഞാനൊരു വിഡ്ഢിയല്ലേ?

വെള്ളിയാഴ്‌ച, ജനുവരി 12

ശീതീകരിച്ച ഒരു നിമിഷം

അശ്രുവീണാകെപ്പടര്‍ന്ന ചിത്രത്തിന്റെ-
യവ്യക്തനര്‍ത്ഥവര്‍ണ്ണങ്ങള്‍ പോലെ...
മരവിച്ചൊരോര്‍മ്മയില്‍ തൊട്ടപോലെ, മനം
മിഴികളില്‍ നിന്നു വേര്‍പെട്ട പോലെ....

ചൊവ്വാഴ്ച, ജനുവരി 9

മണ്ണിര എന്റെ ഗുരു

എന്റെ സ്വപ്നങ്ങള്‍ക്കു ഗുരു മണ്ണിര:
പുറം ലോകത്തിന്റെ അറപ്പുതീണ്ടിയ നോട്ടങ്ങളെ
ക്ഷണിച്ചു വരുത്താനായി മാത്രം പുറത്തുവരാതിരിക്കുക!
എന്റെ കര്‍മ്മങ്ങള്‍ക്കു്‌ ഗുരു മണ്ണിര:
കഴിഞ്ഞവയ്ക്കു നേരെ അന്ധനായിരിക്കുക!
എന്റെ വാക്കുകള്‍ക്കും ഗുരു മണ്ണിര:
നിശ്ശബ്ദനായിരിക്കുക!
കാരണം ശബ്ദം ഉന്നതങ്ങളില്‍ നിന്നു
താഴ്വാരങ്ങളിലേക്കു നിപതിക്കേണ്ടവ-ആജ്ഞയായും അശരീരിയായും!

ഞായറാഴ്‌ച, ഡിസംബർ 17

പിഴവുകള്‍

മാസമെത്താതെ യൌവ്വനത്തെ
പെറ്റു കൌമാര വിഭ്രമം!
ഗ്രീഷ്മമാസത്തണലണഞ്ഞു
ശൈത്യരാവിന്‍ കിനാവുകള്‍!
വീഥിയല്ലാ വീഥിതേടിയ
സത്യസൌന്ദര്യയാത്രികര്‍!
നേരിലും നേരത്തിലും ഞാന്‍
‍കണ്ടതെത്ര പിഴവുകള്‍!

വ്യാഴാഴ്‌ച, ഡിസംബർ 14

എനിക്കു വേണ്ടാത്തവ

നിമിഷങ്ങളെ മോഹമുത്തുകളാക്കി ഞാന്‍
‍കോര്‍ക്കുവാനാകാതെ ദൂരേയ്ക്കെറിഞ്ഞ,വ-
യാരോ പെറുക്കിയെടുത്തുപോട്ടെ!;യതു-
മല്ലെങ്കില്‍ മറവി തന്‍ ചേറ്റില്‍പ്പുതയട്ടെ!

ചൊവ്വാഴ്ച, ഡിസംബർ 12

മരുഭൂമികള്‍ തേങ്ങുന്നില്ല

മാരിയില്ലെങ്കിലും
വിണ്ടുവെടിച്ചില്ല
തേങ്ങിയില്ല
കൊടും ചൂടിനെയൊട്ടും ഭയന്നുമില്ല.
നീണ്ടുനിവര്‍ന്നുകൊണ്ടാരെയും കൂസാതെ,
എന്നും ചിരിക്കുന്നു.
എത്ര കഠിനമാണെങ്കിലുമെത്രയോ
സുന്ദര സ്വപ്നങ്ങളെ
പിന്നെ,പ്രകൃതിതന്നത്യപൂര്‍വ്വങ്ങളെയൊക്കെയും
പോറ്റുന്നു..
ആരോടുമൊന്നുമിരക്കാതെ..
തേങ്ങുകയില്ലയീ മരുഭൂമികള്‍...

വെള്ളിയാഴ്‌ച, ഡിസംബർ 8

നല്ലതു്‌ എന്ന സങ്കല്പം

നിത്യം പുലര്‍ച്ചെ വിടരും സുമങ്ങളോ-
ടില്ലെനിക്കിന്നല്പമിമ്പമോ കമ്പമോ!
എത്ര വിദൂരയാണെങ്കിലും ശ്രേഷ്ഠമാ-
മൊന്നതൊരൊറ്റ ജന്മത്തിന്റെ സാഫല്യ-
മാകണം; പിന്നാലെയെത്തും വസന്തങ്ങ-
ളാദിവ്യഗന്ധം സ്മരിച്ചേ മടങ്ങാവൂ..
........................
വര്‍ഷങ്ങള്‍ കൂടിയുദിച്ചെന്നിരിക്കിലും
തേജസ്വിയായി ജ്വലിക്കണം താരകം!

തിങ്കളാഴ്‌ച, ഡിസംബർ 4

ഒരു സായാഹ്നം

ആവി പറക്കുന്ന ചിക്കന്‍ മസാലപ്പടം
ചെന്നായക്കാട്ടിലൊരിടത്തൊളിച്ചിരുന്നു നുണഞ്ഞു.
പിന്നെ കണ്ണുരുട്ടി അലറിപ്പായുന്ന
മൃഗങ്ങള്‍ക്കിടയിലൂടെ നൂണു്‌ മണിയറയിലെത്തി.
അദൃശ്യമായ തടവറയില്‍ നിന്നു ദൃശ്യമായ തടവറയിലേക്കു്‌..
അവിടെ, കമ്പ്യൂട്ടര്‍ സുന്ദരിയുടെ തരളതയില്‍
മനസ്സും ശരീരവും ബാധകള്‍ക്കു വിട്ടുകൊടുത്തു.
പിന്നെ,തണുത്ത വിദേശനിര്‍മ്മിത വാതത്തില്‍
വിളറി പിടിച്ച മധുസമുദ്രത്തില്‍ ആടിയുലഞ്ഞു,
നിദ്രയുടെ തീരങ്ങളിലേക്കു...
ദിശ തെറ്റിയ പായ്കപ്പലായ്....
ഇപ്പോള്‍, സ്വപ്നങ്ങളുടെ കടല്‍ക്കാക്കകള്‍ ഉണരുന്നനേരം..
ഓര്‍മ്മകളുടെ നശിച്ച കലമ്പലല്ലാതെ ,
നിരര്‍ത്ഥകങ്ങള്‍ക്കു മീതേ
വ്യര്‍ത്ഥത കൊണ്ടഭിഷേകം ചാര്‍ത്തലല്ലാതെ,
ഇവറ്റകള്‍ക്കു മറ്റൊന്നുമില്ലേ ശബ്ദിക്കാന്‍?
ഒരു സുഖനിമിഷമെങ്കിലും നിശ്ശബ്ദതയിലേക്കു
ഭാഷാന്തരം നടത്തിക്കിട്ടിയിരുന്നെങ്കില്‍!!!

ചൊവ്വാഴ്ച, നവംബർ 28

യൌവ്വനം എന്ന രോഗി!

യൌവ്വനമെന്നൊരു രോഗി.
ജീവിതത്തിന്റെ ആസ്പത്രിക്കിടക്കയില്‍,
എപ്പോഴോയെത്തുന്ന,
അല്ലെങ്കിലൊരിക്കലും വരാത്ത ശുശ്രൂഷകരെ കാത്തു്‌,
അരിച്ചിറങ്ങുന്ന വേദനയിലും,
രോഗാണുക്കളുടെ നൃത്തത്തിലാനന്ദം തേടുന്ന
സ്വയം വെറുക്കുന്ന രോഗി.
എങ്കിലും യൌവ്വനമേ,
നിന്റെ രോഗം ഭേദമായാലും,
വീണ്ടും നീ രോഗിയാവുക!
കാരണം, ഇതു പുതിയ കാലം.
ആസ്പത്രികളുടെ സമൂഹം!
പുറത്തു നീ ഏകനാണു്‌...

വെള്ളിയാഴ്‌ച, നവംബർ 24

ഒരു നന്ദിഗാനം

ദൂരെയേതോ നദിയൊന്നാകെ ബാഷ്പമായ്
മേഘമായ് വന്നെന്റെ തീ കെടുത്താന്‍!
'നന്ദി',യൊരുവാക്കതല്ലാതെ വേറെന്തു
ചൊല്ലണമെന്നെനിക്കറിയുകില്ല.
വറ്റിയ മാറില്‍ നിന്‍ കുഞ്ഞുങ്ങള്‍ ദാഹിച്ചു
പൊട്ടിക്കരയുന്നതോര്‍ത്തുപോകെ,
മണ്ണിലേയ്ക്കൂര്‍ന്നിറ്റു വീഴുവാനല്ലാതെ
കണ്ണുനീരേ നിനക്കെന്തിനാകും?

വെള്ളിയാഴ്‌ച, നവംബർ 17

അനശ്വരത

വിജന്തു വിസസ്യ വിഫല ഭൂമി!
തരിശുമണ്ണിന്റെ അനന്തസ്വാതന്ത്ര്യം,
അലസശയനം!
ഇവിടെയെത്തുക വിത്തുകളേ,
സ്വസ്ഥമായും സ്വതന്ത്രമായും
മുളയ്ക്കാത്ത നാമ്പുമായ് വിശ്രമിക്കാം...
നശിക്കാനായെന്തിനു മുളയ്ക്കണം?

ചൊവ്വാഴ്ച, നവംബർ 14

ഭ്രാന്താശുപത്രിയില്‍ സമയം!

ശീതീകരിച്ചൊരു മുറിയിലിരുന്നിട്ടും
സമയത്തിനെന്തൊരു ചൂടു്‌!
ആരോടെന്നില്ലാത്ത വിദ്വേഷമോ?
അതോ സംഭീതിയോ?
അല്ല, പകയോ?
എങ്കിലുമീ വാര്‍ത്തയുണ്ടാകയില്ലയോ?
"ഭ്രാന്താശുപത്രിയില്‍ സമയം!"

സാല്‍വദര്‍ ദാലി (Salvador Dali) യുടെ Persistence of Memory എന്ന പ്രശസ്തമായ ചിത്രം കണ്ടപ്പോള്‍ പെട്ടെന്നു തോന്നിയതു്‌. (അതും ഇതും തമ്മില്‍ പക്ഷേ ബന്ധമൊന്നും ഇല്ല.)